HOT NEWS MALAYALAM

0⃣1⃣ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം
▶സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നും നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ് ഉടമകള്‍. നിലവിലെ നിരക്ക് വര്‍ധന അപര്യാപ്തമാണ്. പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാകില്ല. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ നിരക്ക് വര്‍ധിപ്പിക്കാതെയുളള നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നുമാണ് ബസ് ഉടമകളുടെ നിലപാട്.സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓര്‍ഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയര്‍ത്താനാണ് തീരുമാനിച്ചത്. ഫെയര്‍‌സ്റ്റേജിലും വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം നിരക്കിലും വര്‍ധന വരുത്തിയിരുന്നില്ല. ഇതാണ് ബസ് ഉടമകളെ വീണ്ടും സമരം എന്ന തീരുമാനത്തില്‍ എത്തിച്ചത്.

0⃣2⃣ ഷുഹൈബിനെ അക്രമിച്ചത് അതിക്രൂരമായെന്ന് സാക്ഷികൾ
▶മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ദൃക്‌സാക്ഷികള്‍. മനോരമ ന്യൂസിനോടാണ് സാക്ഷികള്‍ ഇക്കാര്യം വിശദ്ധീകരിച്ചത്. നിലത്തിരുന്ന് ഇറച്ചി വെട്ടുപോലെ അക്രമികള്‍ ഷുഹൈബിനെ വെട്ടിനുറുക്കി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ഷുഹൈബിനു ഇന്റര്‍നെറ്റ് കോളിലൂടെ നേരത്തെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റു ചികില്‍സയില്‍ കഴിയുന്ന ഷുഹൈബിന്റെ സുഹൃത്ത് ഇ. നൗഷാദ് പറഞ്ഞു.ഷുഹൈബും സുഹൃത്തുക്കളും തട്ടുകടയില്‍നിന്നു ചായ കുടിക്കുമ്പോഴാണു കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ടു ഷുഹൈബിന്റെ കാലില്‍ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേര്‍ ചേര്‍ന്നു നിരവധിത്തവണ വെട്ടി. വെട്ടിവീഴ്ത്തിയശേഷം ഒരാള്‍ ഇരുന്ന് വെട്ടി, മറ്റൊരാള്‍ കുനിഞ്ഞു നിന്നു വെട്ടി. തടഞ്ഞപ്പോള്‍ കൈയ്ക്കു വെട്ടി, ബെഞ്ച് കൊണ്ടു തടഞ്ഞതുകൊണ്ട് അരയ്ക്കു മുകളിലേക്കു വെട്ടേറ്റില്ല. ഓടിയെത്തിയ നാട്ടുകാരുടെ നേര്‍ക്കും അക്രമ സംഘം ബോംബെറിഞ്ഞു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ടു.

0⃣3⃣ ഫ്‌ലോറിഡയിലെ സ്‌കൂളില്‍ വെടിവയ്പ്പ് ; പതിനേഴ്‌പേര്‍ കൊല്ലപ്പെട്ടു.
▶യു.എസിലെ ഫ്‌ലോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ പതിനേഴ്‌പേര്‍ കൊല്ലപ്പെട്ടു. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണു വെടിവയ്പ്പുണ്ടായത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഇതേ സ്‌കൂളില്‍നിന്നു നേരത്തേ പുറത്താക്കിയ നിക്കോളസ് ക്രൂസ് ആണ് അക്രമിയെന്നാണു വിവരം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിനു പുറത്തുനിന്നു വെടിയുതിര്‍ത്തശേഷമാണ് ഇയാള്‍ ഉള്ളിലേക്കു കയറിയത്. അക്രമി ഗ്യാസ് മാസ്‌ക് ധരിച്ചിരുന്നതായി വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ പറഞ്ഞു. പ്രാദേശിക ടിവി ചാനല്‍ സംപ്രേഷണം ചെയ്ത തല്‍സമയ ദൃശ്യങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കും പൊലീസ് കാറുകള്‍ക്കും ആംബുലന്‍സുകള്‍ക്കുമിടയിലൂടെ ഓടുന്നതു കാണാമായിരുന്നു.

0⃣4⃣ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം വീട്ടിലിരുന്ന്, പുതിയ സംവിധാനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
▶വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കല്‍ ഇനി വീട്ടിലിരുന്ന് ചെയ്യാം. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആളുകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുപ്പു ക്രമങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി.വോട്ടര്‍ ഐഡി രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറ്റിയാല്‍ തിരഞ്ഞെടുപ്പ് ഓഫിസോ വോട്ടര്‍ ബൂത്തോ സന്ദര്‍ശിക്കാതെ വിലാസം മാറ്റുന്നതിനും സഹായിക്കുന്നതാണ് ഈ ആപ്പ്. ഇലക്ടറല്‍ റോള്‍സ് സര്‍വീസസ് നെറ്റ് (ഇറോനെറ്റ്) എന്ന ആപ്പില്‍ ഇതിനുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനാണു നീക്കം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ചാണ് വോട്ടര്‍ ഐഡിയില്‍ മാറ്റം വരുത്തേണ്ടത്. ഒരിക്കല്‍ വിലാസം മാറ്റുമ്പോള്‍ മുന്‍പു നല്‍കിയിരിക്കുന്ന വിലാസം നീക്കം ചെയ്യപ്പെടും.

0⃣5⃣ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: നീരവ് മോദി ഇന്ത്യവിട്ടതായി സൂചന; സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
▶പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നടന്ന തട്ടിപ്പിലെ പ്രധാനപ്രതി വജ്രവ്യാപാരി നീരവ് മോദി ഇന്ത്യവിട്ടതായി സൂചന. ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തി. നീരവ് മോദിയുമായി ബന്ധപ്പെട്ട 12 ഓഫീസുകളിലും
മുംബൈയിലെ കലഘോദയിലെ ഓഫീസും കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന ന
ത്തിയത്. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ നീരവ് മോദിക്കെതിരെ കേസും ചാര്‍ജു ചെയ്തു. ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളായ നക്ഷത്ര, ഗീതാഞ്ജലി, ഗിന്നി എന്നീ ജുവലറികളുടെ വ്യാപാരങ്ങളെക്കുറിച്ചും സാമ്പത്തിക ശ്രോതസിനേക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച് വരികയാണ്. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എന്നിവയ്ക്ക് പുറമേ സെബിയും കേസ് അന്വേഷിക്കും.
11,360 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ ബാങ്കില്‍ നടത്തിയത്. ബാങ്കില്‍ ഇയാളുടെ പേരില്‍ തന്നെ വിവിധ അക്കൗണ്ടുകള്‍ നിര്‍മിച്ചുകാണ്ടാണ് പണം തട്ടിയെടുത്തത്. വിദേശത്തേക്ക് കടന്ന ഇയാള്‍ പിന്നീട് വിദേശത്തു നിന്നാണ് പണം പലപ്പോഴായി പിന്‍വലിച്ചിരുന്നത്. മൂംബൈയിലെ ശാഖയില്‍ സമീപിച്ച ഇയാള്‍ വിദേശ വ്യാപരത്തിനുള്ള ‘ലെറ്റര്‍ ഓഫ് ക്രെഡിറ്റ്’ ആവശ്യപ്പെടുകയും പിന്നീട് ഇതിനുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ഈ തുക ചേര്‍ത്തിരുന്നില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുക ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ചേര്‍ക്കാതെ ഇയാള്‍ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.

0⃣6⃣ ശശീന്ദ്രനെതിരായ ഹരജി: സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
▶ എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. രണ്ടു പേര്‍ കൂടി കക്ഷി ചേര്‍ന്ന കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷിയാണ് കോടതിയെ സമീപിച്ചത്.

0⃣7⃣ ‘സ്വഛ് ഭാരത്’: രാജസ്ഥാന്‍ ആരോഗ്യമന്ത്രി റോഡരികില്‍ മൂത്രമൊഴിച്ചു; പ്രശ്‌നമാക്കേണ്ട വിഷയമല്ലെന്ന് മന്ത്രി
▶സ്വഛ ഭാരതത്തിന്റെ വക്താക്കള്‍ തന്നെ നാട് നാറ്റിക്കാനിറങ്ങിയാലോ. രാജസ്ഥാനിലെ ആരോഗ്യ മന്ത്രിയാണ്  റോഡരികില്‍ മൂത്രമൊഴിച്ച് മൊത്തം ഭരണകൂടത്തിനും നാണക്കേടുണ്ടാക്കിയത്.  മന്ത്രി കാലിചരണ്‍ സരഫ് റോഡരികില്‍ മൂത്രമൊഴിച്ചത് ഏറെ വിവാദമായിരിക്കുകയാണ്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായതാണ്  മന്ത്രിക്കു വിനയായത്.സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി ജയ്പുര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഇതേ നഗരത്തിലെ റോഡരികില്‍ മന്ത്രി മൂത്രമൊഴിച്ചതും ആ ചിത്രം വൈറലായതും. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ 200 രൂപ ഫൈന്‍ അടക്കണമെന്നാണ് നിയമം.

0⃣8⃣ സ്വകാര്യ- സഹകരണ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കുന്നു
▶തിരുവനന്തപുരം: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്നും ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ, സഹകരണ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കും.
രാവിലെ ഏഴുമുതല്‍ നാളെ രാവിലെ ഏഴുമണി വരെയാണ് പണിമുടക്ക്.ഇതേ ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാരസമരം അനുഷ്ഠിക്കുന്ന യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്‌സുമാര്‍ ഇന്ന് ചേര്‍ത്തലയിലെ സമരപ്പന്തലിലെത്തും.

0⃣9⃣ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു
▶ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. അഴിമതിയാരോപണങ്ങളെത്തുടര്‍ന്നായിരുന്നു രാജി. സുമയെ മാറ്റാന്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) തീരുമാനം എടുത്തതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം. ടെലിവിഷനിലൂടെ സുമ തന്നെയാണ് രാജിതീരുമാനം അറിയിച്ചത്.സിറില്‍ റമഫോസയെ പുതിയ പ്രസിഡന്റായി നിയമിക്കാനാണ് പാര്‍ട്ടി തീരുമാനം. എ.എന്‍.സി അധ്യക്ഷനാണ് റമഫോസ.

1⃣0⃣ കൊച്ചി കപ്പല്‍ശാലയിലെ അപകടത്തിനു കാരണം അസറ്റലിന്‍ വാതകം
▶കപ്പല്‍ശാലയില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിയ്ക്ക് കാരണം അസറ്റലിന്‍ വാതകം ചോര്‍ന്ന് തീപിടിച്ചതാണെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധനയിലാണ് വാതകചോര്‍ച്ചയാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചത്.കപ്പലിലെ ബല്ലാസ്റ്റ് ടാങ്കിനു മുകളിലെ എസി പ്ലാന്റില്‍ നിന്നാണ് അസറ്റിലിന്‍ വാതകം ചോര്‍ന്നത്.

Comments