HOT NEWS മലയാളം NEWS

0⃣1⃣ കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; അഞ്ച്മരണം.
▶കൊച്ചി: കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒ.എന്‍.ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിനുള്ളിലെ വാട്ടര്‍ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ പത്തോടെയായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്  എന്നിവരാണ് മരിച്ച മലയാളികള്‍.  മൂന്നുപേർ തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണമായും പൊള്ളലേറ്റ നിലയിലാണ്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു.തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കമ്മിഷണർ വ്യക്തമാക്കി.

0⃣2⃣ ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്; പിണറായി വിജയന്‍ രണ്ടാം സ്ഥാനത്ത്
▶ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 11 സംസ്ഥാന മുഖ്യമന്ത്രിമാരാണ് ക്രിമിനല്‍ കേസ് പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.11 കേസുകളാണ് മുഖ്യമന്ത്രി പിണറായി വിജയനതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്. 22 ക്രിമിനല്‍ കേസുകളാണ് ഫഡ്നാവിസിനെതിരയുള്ളത്.

0⃣3⃣ മഹാശിവരാത്രി ഇന്ന്; ആലുവ മണപ്പുറം സജ്ജം; ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍
▶പിതൃസ്മരണകളുമായി ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ മണപ്പുറത്തെ മനുഷ്യക്കടലാക്കി മാറ്റുന്ന മഹാശിവരാത്രി ഇന്ന്. രാമലക്ഷ്മണന്മാര്‍ ജടായുവിന്റെ മരണാനന്തര കര്‍മങ്ങള്‍ നടത്തിയെന്നു കരുതപ്പെടുന്ന നദീതീരം മണ്‍മറഞ്ഞ പൂര്‍വികര്‍ക്കു ബലിയിടാനെത്തുന്ന പിന്മുറക്കാരെക്കൊണ്ടു നിറഞ്ഞുകവിയും. ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ നഗരവും മഹാദേവ ക്ഷേത്രവും അണിഞ്ഞൊരുങ്ങി.ക്ഷേത്രത്തില്‍ ഇന്നു രാവിലെ ഏഴിനു തുടങ്ങുന്ന ലക്ഷാര്‍ച്ചന രാത്രിവരെ നീളും. പുഴയോരത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജമാക്കിയിട്ടുണ്ട്. മണപ്പുറത്തിന് എതിര്‍വശത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും തര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. ഇന്നു വൈകിട്ടു നാലു മുതല്‍ നാളെ ഉച്ചയ്ക്കു രണ്ടു വരെ ആലുവനഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.പുഴയില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ 400 അടി നീളത്തില്‍ കമ്പി വേലി സ്ഥാപിച്ചു. മണപ്പുറത്ത് നിര്‍മിച്ച താല്‍ക്കാലിക നഗരസഭ ഓഫിസ്, ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക യൂണിറ്റ്, പൊലീസ് സ്റ്റേഷന്‍ , ഫയര്‍ സ്റ്റേഷന്‍ ,കെഎസ്ഇബി ഓഫിസ് ,കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് തുടങ്ങിയവും പ്രവര്‍ത്തനമാറംഭിക്കും. സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സ് സര്‍വീസും, നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മണപ്പുറവും പരിസരവും പൂര്‍ണംമായും സിസിടിവി ഡ്രോണ്‍ ക്യാമറകളുടെ നിരീക്ഷണത്തിലാണ്.

0⃣4⃣ കുറ്റവാളികള്‍ എങ്ങനെ പാര്‍ട്ടി അധ്യക്ഷനാകുമെന്ന് സുപ്രീം കോടതി
▶അഴിമതിക്കേസുകളിലും ക്രിമിനല്‍ കേസുകളിലും കുറ്റവാളികളായവര്‍ക്ക് എങ്ങനെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യക്ഷനും ഭാരവാഹിയുമായി തുടരാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ളവര്‍ക്ക് എങ്ങനെ തെരഞ്ഞെടുപ്പുകളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാകുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആരാഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധിക്ക് കനത്ത തിരിച്ചടിയാണ് ഇത്തരം പഴുതുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു പരാമര്‍ശം. ക്രിമിനലായ ഒരാള്‍ ഭാരവാഹിയാകുകയോ നയിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ബിഹാറിലെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഹരിയാനയിലെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓം പ്രകാശ് ചൗതാല എന്നിവരുടെ പേരുകള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

0⃣5⃣ ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’; ശുഹൈബിനെതിരെ സിപിഐഎം കൊലവിളി പുറത്ത്
▶മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെതിരായ കൊലവിളി മുദ്രാവാക്യം പുറത്ത്. രണ്ടാഴ്ച മുമ്പ് സിപിഐഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് കൊലവിളി ഉയര്‍ന്നിരുന്നത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഞങ്ങളോട് കളിച്ചവരാരും ജീവനോട് തിരിച്ചുപോയിട്ടില്ല എന്നുമാണ് മുദ്രാവാക്യത്തിലെ പ്രസക്തഭാഗങ്ങള്‍. കെ.എസ്.യുഎസ്.എഫ്.ഐ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടന്ന പ്രതിഷേധ റാലിക്കിടെയാണ് ഷുഹൈബിനെ വധിക്കുമെന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.ഇന്നലെ രാത്രിയോടു കൂടിയാണ് ശുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.ബോംബേറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

0⃣6⃣  ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
▶ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അവസാന പതിനാറ് ടീമുകളുടെ പോരിന് ഇന്ന് തുടക്കമാകും. ഈ സീസണില്‍ ആരായിരിക്കും യൂറോപ്യന്‍ ചാംപ്യന്‍മാരെന്നറിയുന്നതിനുള്ള ചാംപ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ് ഇംഗ്ലീഷ് പടക്കുതിരകളായ ടോട്ടന്‍ഹാമിനെ നേരിടുന്നതോടെയാണ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദങ്ങള്‍ക്ക് തുടക്കമാവുക. ഇന്ന് രാത്രി 1.30നാണ് (ബുധന്‍) മത്സരം.ഇതേസമയം, പ്രീമിയര്‍ ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്വിസ് ക്ലബ്ബ് എഫ്‌സി ബേസലിനെ നേരിടും. ഒരു ദിവസം രണ്ട് മത്സരം എന്ന രീതിയില്‍ മൂന്ന് ദിവസങ്ങളിലായാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാളെ രാത്രിയാണ് ടൂര്‍ണമെന്റിലെ ക്ലാസിക്ക് പോരാട്ടങ്ങളിലൊന്നാകുമെന്ന് വിലയിരുത്തുന്ന റയല്‍ മാഡ്രിഡ്-പിഎസ്ജി പോരാട്ടം. റൊണാള്‍ഡോ-നെയ്മര്‍ പോരാട്ടമാകും ഇതെന്നാണ് വിലയിരുത്തലുകള്‍. പോര്‍ച്ചുഗീസ് ക്ലബ്ബ് എഫിസി പോര്‍ട്ടോ-ലിവര്‍പൂള്‍ പോരാണ് ഈ സമയത്ത് നടക്കുന്ന രണ്ടാം മത്സരം.

0⃣7⃣ ഭാര്യയെ പറ്റിച്ച് വിദേശത്ത് ഒളിച്ചു താമസിച്ചാല്‍ പിടി വീഴും; ക്രിമിനല്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍
▶വിവാഹം കഴിച്ചതിന് ശേഷം വിദേശത്തേക്ക് കടന്നു കളയുന്ന ഭര്‍ത്താവിനെ തിരിച്ച് കൊണ്ടുവരാന്‍ നിലവില്‍ നിയമമൊന്നുമില്ല. വിവരം ചൂണ്ടിക്കാണിച്ച് ഭാര്യയ്ക്ക് പോലീസില്‍ പരാതി നല്‍കാം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എംബസിയ്ക്ക് കത്തയക്കുകയാണ് പതിവ്. എന്നാല്‍ ഇത് ഫലവത്താവാറില്ല. അതുകൊണ്ടാണ് സ്ത്രീകളുടെ സുരക്ഷ മുന്നിര്‍ത്തി പുതിയ നിയമമുണ്ടാക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം മുന്നിട്ടിറങ്ങുന്നത്.പുതിയ നിയമമനുസരിച്ച് ഇങ്ങനെ മുങ്ങുന്നവര്‍ക്ക് എംബസി നോട്ടീസ് അയക്കും.  മൂന്ന് തവണ തവണയാണ് നോട്ടീസ് അയക്കുക. ഇതിനുള്ളില്‍  ഹാജരാകണം. അല്ലാത്ത പക്ഷം ഒളിച്ചോടിയതായി കണക്കാക്കി  സ്വത്തു കണ്ടുകെട്ടുകയും  ഭാര്യയ്ക്കും കുടുംബത്തിനും നല്‍കുകയും ചെയ്യും.

0⃣8⃣ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കണ്ടു:ഹാഫിസ് സയീദ് ഭീകരവാദിയെന്ന് പാകിസ്താന്‍
▶മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു. ആഗോള സമ്മര്‍ദമാണ് ഹാഫിസ് സയീദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചത്.ഇതിനുള്ള നിയമ ഭേദഗതിയില്‍ പാക് പ്രസിഡന്റ് മംമ്നൂന്‍ ഹുസൈന്‍ ഒപ്പുവെച്ചു. ഉത്തരവ് പ്രകാരം ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്വ, ലഷ്‌കറെ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നിവ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. നിയമ ഭേദഗതി പ്രകാരം യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധനം ഏര്‍പ്പെടുത്തിയ വ്യക്തികളും സംഘടനകളും ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിലാണ്.

0⃣9⃣ കിണര്‍ ശുചിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു
▶ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിണര്‍ ശുചിയാക്കുന്നതിനിടെ കിണറിനുള്ളില്‍ കുടുങ്ങി രണ്ട് പേര്‍ മരിച്ചു. മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മണ്ണഞ്ചേരി അമ്പലക്കടവിലുള്ള കുമ്മായക്കമ്പനി വളപ്പിലെ വ്യാസം കുറഞ്ഞ കിണറിലെ ചെളി നീക്കി ശുചീകരിക്കാനും ആഴം കൂട്ടാനുമാണ് അമല്‍, ഗിരീഷ് എന്നിവര്‍ കിണറ്റിലിറങ്ങിയത്. ഓക്സിജന്‍ കുറഞ്ഞ വായു ശ്വസിച്ച് തളര്‍ന്ന ഇരുവരും കിണറിലെ ചെളിയില്‍ കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷിക്കാനായി മഹേഷ്, ജിത്തു എന്നിവര്‍ കിണറ്റിലിറങ്ങിയെങ്കിലും ഇവരും തളര്‍ന്നു.

1⃣0⃣ കോഴിക്കോട്ടെ പൊലീസുകാര്‍ക്ക്‌ സന്തോഷ വാര്‍ത്ത; ജന്‍മദിനത്തിനും വിവാഹ വാര്‍ഷികത്തിനും അവധി
▶കോഴിക്കോട്ടെ പൊലീസുകാര്‍ക്ക്‌ ഇനി വര്‍ഷത്തില്‍ രണ്ട് ദിനം ഉറപ്പായും അവധി ലഭിക്കും. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനുമാണ് അവധി കിട്ടുക. പോലീസുകാര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്ക ങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കുറവ് വരുത്താന്‍ ലക്ഷ്യമിട്ടാണ് പരിഷ്കാരം.ജന്മദിനവും വിവാഹ വാര്‍ഷികവുമൊക്കെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ നഗരത്തി ന്റെ കാവല്‍ കയ്യാളുന്ന പോലീസുകാര്‍ക്ക് പലപ്പോഴും ഇതിനൊന്നും കഴിയാറില്ല. കാരണം ജോലി തിരക്ക് മൂലം അവധി കിട്ടാത്തത് തന്നെ. കോഴിക്കോട്ടെ പോലീസുകാര്‍ക്ക് ഇക്കാര്യത്തില്‍ ഇനി ആശ്വസിക്കാം. സിറ്റി പോലീസ് ചീഫ് എസ് കാളിരാജ് മഹേഷ് കുമാറിന്റെ ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. ജന്മ ദിനത്തിനും വിവാഹ വാര്‍ഷിക ദിനത്തിലും അവധി നല്‍കാനാണ് നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി കേരള പോലീസ് അസോസിയേഷന്‍ ജില്ലാ നേതൃത്വം മുന്നോട്ട് വെച്ച നിര്‍ദേശം കമ്മീഷണര്‍ അംഗീകരിക്കുകയായിരുന്നു.

Comments